ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യപ്രതികളിലൊരാളായ ശുഭം ഖൈർനാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൂസ് അവന്യൂ കോടതി ജൂൺ 15 വരെ നീട്ടി (NEET UG 2026 Paper Leak Case). മുൻപ് അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സ്പെഷ്യൽ സിബിഐ ജഡ്ജി അജയ് ഗുപ്ത കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷയിൽ കോടതി ജൂൺ 9-ന് വിധി പറയും. ചോർന്ന ചോദ്യപേപ്പർ കൈപ്പറ്റുകയും അത് മറ്റ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും ചെയ്ത വലിയൊരു ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മനീഷയെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
പൂനെയിലെ മുൻ കെമിസ്ട്രി അധ്യാപകൻ പ്രകളും ലോക്കൽ ഏജന്റായ ധനഞ്ജയ് ലോകണ്ടെയും ഉൾപ്പെടുന്ന സംഘവുമായി ചേർന്നാണ് മനീഷ ചോർന്ന ചോദ്യപേപ്പർ മറിച്ചുവിറ്റതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും വിദ്യാർത്ഥികളുടെ മൊഴികളും തങ്ങളുടെ പക്കലുണ്ടെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ നീതു സിംഗ് വാദിച്ചു. എന്നാൽ, മനീഷ ഒരു എജ്യുക്കേഷണൽ കൺസൾട്ടന്റ് മാത്രമാണെന്നും വിദ്യാർത്ഥികളെ റഫർ ചെയ്തതിനുള്ള കമ്മീഷൻ മാത്രമാണ് വാങ്ങിയതെന്നും പ്രതിഭാഗം വക്കീൽ ശ്രേയസ് ഗാച്ചെ വാദിച്ചു. കഴിഞ്ഞ മെയ് 3-ന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് 12-നാണ് റദ്ദാക്കിയത്. ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
Summary: A Rouse Avenue Court on Saturday extended the judicial custody of Shubham Khairnar, an accused in the NEET-UG 2026 paper leak case, until June 15. Meanwhile, Special CBI Judge Ajay Gupta reserved the order on the bail plea of co-accused Manisha Waghmare for June 9, following strong opposition from the CBI, which labelled her a key conspirator.

