Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകലിതുള്ളി കാലവർഷം: കേരളത്തിൽ കനത്ത മഴയിൽ മരം വീണും, ഷോക്കേറ്റും മൂന്ന്...

കലിതുള്ളി കാലവർഷം: കേരളത്തിൽ കനത്ത മഴയിൽ മരം വീണും, ഷോക്കേറ്റും മൂന്ന് മരണം; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി | Kerala Monsoon Rain

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടവും അപകടങ്ങളും (Kerala Monsoon Rain). കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പല താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

ഇടുക്കി അടിമാലിയിൽ മഴ കനത്തതിനെ തുടർന്ന് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയാണ് യുവാവ് ഷോക്കേറ്റു മരിച്ചത്. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതി സ്വദേശി രമേശ് (24) ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂർ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലായിരുന്നു ദുരന്തം. റോഡരികിൽ നിന്നിരുന്ന വാകമരം സ്കൂട്ടറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

കോഴിക്കോട്ട് പുലർച്ചെയുണ്ടായ മറ്റൊരു അപകടത്തിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 82 വയസ്സുകാരിയായ വയോധിക മരിച്ചു. പുലർച്ചെ 1.20 ഓടെ പെയ്ത കനത്ത മഴയിൽ റോഡിലെ വഴുക്കൽ കാരണം ആംബുലൻസ് തെന്നിമറിയുകയായിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം, കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി പ്രഖ്യാപിച്ചു. കനത്ത മൺസൂൺ മഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും (Kerala rain school college holiday saturday) കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച (ജൂൺ 6, 2026) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വടക്കൻ കേരളത്തിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തര നടപടി.

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

അതേസമയം, ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് (Residential Schools) ഈ അവധി ബാധകമായിരിക്കില്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ, പൊതു പരീക്ഷകൾ, വിവിധ ജോലി അഭിമുഖങ്ങൾ (Interviews) എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അവ കൃത്യസമയത്ത് തന്നെ നടക്കുമെന്നും കളക്ടർ വ്യക്തമാക്കി.

കണ്ണൂരിന് പുറമെ വടക്കൻ കേരളത്തിലെ കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Story Summary: Heavy rains across Kerala have caused widespread disruption and claimed three lives in separate incidents. Fatalities include a youth electrocuted while clearing tree branches in Idukki, a scooterist crushed by a falling tree in Thrissur, and an elderly woman killed when an ambulance overturned in Kozhikode.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.