മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ സർക്കാർ സൈന്യവും പ്രതിപക്ഷ അനുകൂല സായുധ സംഘങ്ങളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ( Somalia Political Crisis). പ്രസിഡന്റ് ഹസൻ ഷെയ്ഖ് മഹ്മൂദിന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചിട്ടും, ഭരണഘടന ഭേദഗതിയിലൂടെ കാലാവധി ഒരു വർഷം കൂടി നീട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെയാണ് നഗരം യുദ്ധക്കളമായത്. മുൻ പ്രസിഡന്റ് ഷെരീഫ് ഷെയ്ഖ് അഹമ്മദ്, മുൻ പ്രധാനമന്ത്രി ഹസൻ അലി ഖൈറെ എന്നിവരുടെ വസതികൾക്ക് നേരെ സർക്കാർ സൈന്യം ടാങ്ക് വിരുദ്ധ ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച വെടിവെയ്പ്പിലും മോർട്ടാർ ആക്രമണങ്ങളിലും നിരവധി വീടുകൾക്ക് തീപിടിക്കുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് ജനങ്ങൾ കുട്ടികളുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. വൻതോതിൽ സ്വത്ത് വകകളും സൈനിക വാഹനങ്ങളും നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇരുവിഭാഗവും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യു.എസും യു.കെയും ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധവും അൽ-ഷബാബ് ഭീകരവാദവും നേരിടുന്ന സൊമാലിയയെ ഈ പുതിയ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
Summary: Heavy fighting erupted in Somalia’s capital, Mogadishu, as government troops and opposition-allied militias exchanged fire ahead of planned anti-government protests. The violence was triggered by President Hassan Sheikh Mohamud’s controversial term extension. Opposition leaders accused the government of launching targeted military assaults on their residences, forcing hundreds of civilians to flee, while international powers like the US and UK urged immediate restraint and dialogue.

