കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹവും കൊഴിഞ്ഞുപോക്കും രൂക്ഷമാകുന്നു (Mamata Banerjee Expels Two TMC MLAs). പാർട്ടിയിലെ ഈ വൻ പ്രതിസന്ധിക്കിടെ അച്ചടക്കലംഘനം നടത്തിയ രണ്ട് പ്രമുഖ എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി പുറത്താക്കി. എംഎൽഎമാരായ സന്ദീപൻ സാഹ, ഋത്പ്രത ബാനർജി എന്നിവർക്കെതിരെയാണ് പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരം കടുത്ത നടപടിയുണ്ടായിരിക്കുന്നത്.
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഈ പുറത്താക്കൽ.
കഴിഞ്ഞ ഞായറാഴ്ച പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ നിർണ്ണായകമായ യോഗം വിളിച്ചുചേർത്തിരുന്നുവെങ്കിലും ഭൂരിപക്ഷം ജനപ്രതിനിധികളും യോഗത്തിൽ നിന്നും വിട്ടുനിന്നതിനെ തുടർന്ന് അത് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ എംഎൽഎമാർക്കെതിരെ പാർട്ടി ഔദ്യോഗികമായി നടപടി സ്വീകരിച്ചത്. പാർട്ടി നേതൃത്വം ആവർത്തിച്ച് വിളിച്ചുചേർത്ത ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും തൃണമൂൽ കോൺഗ്രസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ പരസ്യമായി നടത്തുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് പാർട്ടി വ്യക്തമാക്കുന്നു.
തൃണമൂൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട ഔദ്യോഗിക പുറത്താക്കൽ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയും പാർട്ടി എംപി കല്യാൺ ബാനർജിക്കെതിരെയും സ്വന്തം അണികളിൽ നിന്ന് തന്നെ വലിയ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അടിയന്തര രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഞായറാഴ്ച യോഗം വിളിച്ചത്. എന്നാൽ ആകെയുള്ള 80 എംഎൽഎമാരിൽ കേവലം 20 പേർ മാത്രമാണ് യോഗത്തിനെത്തിയത് എന്നത് നേതൃത്വത്തെ ഞെട്ടിച്ചു. യോഗം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നും എംഎൽഎമാർ വിവിധ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പോയതിനാലാണ് എത്താതിരുന്നതെന്നുമാണ് പാർട്ടി ഔദ്യോഗികമായി വിശദീകരിക്കുന്നതെങ്കിലും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയൊരു പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Summary: In the wake of widespread defections following its assembly election defeat in West Bengal, the Trinamool Congress has expelled two of its MLAs, Sandipan Saha and Ritabrata Banerjee, for anti-party activities. The strict action by party chief Mamata Banerjee came after a newly elected MLAs’ meeting on Sunday had to be cancelled due to poor attendance, with only 20 out of 80 legislators showing up. An official notice signed by party Vice President Chandrima Bhattacharya stated that the lawmakers were penalized for skipping mandatory meetings and making public statements against party interests.

