തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ കേന്ദ്ര ഏജൻസി മുൻകൂട്ടി യാതൊരു വിവരവും നൽകിയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala statement ED raid). റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പിണറായിയിലും കോഴിക്കോടും ആളുകൾ തടിച്ചുകൂടിയതോടെ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് സ്വമേധയാ സ്ഥലത്ത് എത്തുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിണറായിയിലും കോഴിക്കോടും യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയിരുന്നു. എന്നാൽ തിരുവനന്തപുരത്ത് ബോധപൂർവ്വം അക്രമം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ സിപിഎം പ്രവർത്തകർ ആസൂത്രണം ചെയ്താണ് അക്രമം നടത്തിയത്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അക്രമം നടത്തിയവർക്കെതിരെ സർക്കാർ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. അക്രമികളുടെ ചിത്രങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്ലേറും കൂകിവിളിയും; മൂന്ന് വാഹനങ്ങൾ തകർത്തു
തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തിന് നേരെ സമാനതകളില്ലാത്ത അക്രമമാണ് അരങ്ങേറിയത്. കല്ലും ചെരുപ്പും വലിച്ചെറിഞ്ഞും കൂകിവിളിച്ചുമാണ് ഒരു സംഘം സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ നേരിട്ടത്. അക്രമത്തിൽ ഇഡി സംഘം സഞ്ചരിച്ച മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ പൂർണ്ണമായി തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായാണ് ഇഡി അറിയിച്ചിട്ടുള്ളത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ശ്യാമിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗവർണർ വിവരങ്ങൾ തേടി; കേന്ദ്രം ഇടപെടുന്നു
അക്രമവുമായി ബന്ധപ്പെട്ട് 12 സിപിഎം പ്രവർത്തകരെ പൊലീസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഡിസിപി തപോഷ് ബസുമതാരി സ്ഥിരീകരിച്ചു.
അതേസമയം, തിരുവനന്തപുരത്തുണ്ടായ അക്രമ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവത്തോടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തരമായി വിശദീകരണം നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് (ഡിജിപി) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary: Home Minister Ramesh Chennithala termed the attack on ED officials in Thiruvananthapuram as pre-planned and warned of strict action against the culprits. Following the violence that left four ED personnel injured and three vehicles damaged, the Ministry of Home Affairs and Governor Rajendra Vishwanath Arlekar have sought reports.

