അങ്കമാലി: അങ്കമാലി നഗരത്തിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാർക്കും ബസ് കാത്തുനിന്നവർക്കും നേരെ പരക്കെ അക്രമം അഴിച്ചുവിട്ട തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു (Angamaly stray dog attack Rabies confirmed). തൃശൂർ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ റീത്ത പോൾ അറിയിച്ചു. നായയുടെ ആക്രമണത്തിൽ ആകെ 15 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
കടിയേറ്റവർക്കെല്ലാം അടിയന്തിര സാമ്പത്തിക സഹായമായി നഗരസഭ 5000 രൂപ വീതം അനുവദിക്കും. ഇവരുടെ തുടർചികിത്സയ്ക്ക് ആവശ്യമായ അധികച്ചെലവ് വരികയാണെങ്കിൽ കൂടുതൽ ധനസഹായം നൽകുന്ന കാര്യം നഗരസഭ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അലഞ്ഞുതിരിയുന്നതും ആക്രമണകാരികളായതുമായ നായകളെ അടിയന്തിരമായി പിടികൂടാൻ പാലക്കാട്ട് നിന്ന് പ്രത്യേക നായപിടുത്ത സംഘത്തെ ഏർപ്പാടാക്കിയതായി നഗരസഭ വൈസ് ചെയർപേഴ്‌സൺ അറിയിച്ചു. വരും ദിവസങ്ങളിൽ (തിങ്കൾ, ചൊവ്വ) നഗരസഭാ പരിധിയിൽ ഇവർ വ്യാപകമായി നായകളെ പിടികൂടും.
തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട തുടർനടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രദേശവാസികൾ നിലവിൽ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുനായ്ക്കൾക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Story Summary: A stray dog that bit 15 people in Angamaly has tested positive for Rabies after laboratory tests at Mannuthy. Angamaly Municipality Chairperson Reetha Paul announced an emergency aid of ₹5,000 for victims and a special drive to catch stray dogs.

