കൊച്ചി: സുനിൽ കുമാർ കെ. എൻ. രചിച്ച ഏറ്റവും പുതിയ ചരിത്ര നോവലായ ‘ചന്ദ്രായനം’ പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ പ്രകാശനം ചെയ്തു (Chandrayanam Novel Sunil Kumar KN). കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷൺമുഖദാസ് നോവലിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡിസി ബുക്സ് (DC Books) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പ്രഥമ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തെയുമാണ് നോവൽ അടയാളപ്പെടുത്തുന്നത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയർത്തിയ വൻ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടർന്ന് ദക്ഷിണദേശത്തേക്ക് തീർത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനാണ് കഥാകേന്ദ്രം. അധികാരത്തിന്റെ ഉന്നതിയിൽ നിന്ന് ‘പ്രഭാചന്ദ്രൻ’ എന്ന പേരിൽ സന്യാസിയായി മാറുന്ന അദ്ദേഹത്തിന്റെ ആത്മസംഘർഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ മുഖ്യ പ്രമേയം.
ചരിത്രത്തെ അധികരിച്ചുള്ളതാണെങ്കിലും, വെറുമൊരു ചരിത്ര നോവൽ എന്നതിനപ്പുറം വലിയ ദാർശനിക സമസ്യകളും പ്രണയവുമെല്ലാം ചർച്ച ചെയ്യുന്നതിലൂടെ ‘ചന്ദ്രായനം’ വായനയിൽ പുതിയൊരു മാനം കൈവരിക്കുന്നുണ്ടെന്ന് എൻ. എസ്. മാധവൻ അഭിപ്രായപ്പെട്ടു.
ചരിത്രവും ഭാവനയും തത്ത്വചിന്തയും ഒരേപോലെ സമ്മേളിക്കുന്ന ഈ നോവലിൽ, ചന്ദ്രഗുപ്തന്റെ ബാഹ്യ-അന്തർ ജീവിതങ്ങളെ ആവിഷ്കരിക്കാൻ പ്രാപ്തമായ മികച്ചൊരു ഭാഷ കണ്ടെത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ വിലയിരുത്തി. നാടകീയമായ ആഖ്യാനശേഷിയിലൂടെ ഓരോ സംഭവവും മനോഹരമായി സുനിൽ കുമാർ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്കിൽ ചീഫ് കംപ്ലെയ്ൻസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സുനിൽ കുമാറിന്റെ രണ്ടാമത്തെ നോവലാണിത്. പ്രകാശന ചടങ്ങിൽ പ്രശസ്ത കലാനിരൂപകൻ വി. കലാധരൻ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
News Summary: Renowned writer N.S. Madhavan released ‘Chandrayanam’, the second historical novel written by Sunil Kumar K.N., at a function held in Kochi. Noted author and film critic I. Shanmughadas received the first copy of the book, published by DC Books. The novel chronicles the final days and spiritual transformation of India’s first emperor, Chandragupta Maurya, who renounced his blood-stained empire to follow Jain monk Bhadrabahu on a pilgrimage to South India. Under the monastic name ‘Prabhachandran’, the plot delves into his psychological conflicts and philosophical dilemmas. Acclaimed poet Satchidanandan praised the author’s narrative brilliance for blending history, imagination, and philosophy seamlessly. Sunil Kumar, who works as the Chief Compliance Officer at Federal Bank, was congratulated at the event, which was also attended by art critic V. Kaladharan.

