മുംബൈ: അടുത്ത വർഷം (2027) നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ നിലപാടുമായി മുൻ ഇന്ത്യൻ നായകനും സൂപ്പർ താരവുമായ വിരാട് കോഹ്‌ലി (Virat Kohli 2027 ODI World Cup). ആർസിബി (RCB) പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ്, ടീമിൽ തന്റെ സ്ഥാനം തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തോട് തനിക്ക് താല്പര്യമില്ലെന്ന് കോഹ്‌ലി തുറന്നടിച്ചത്. പൂർണ്ണമായ സമർപ്പണത്തോടെ കളിച്ചിട്ടും തന്റെ മൂല്യം നിരന്തരം തെളിയിക്കേണ്ടി വരികയാണെങ്കിൽ ആ സ്ഥലം തനിക്കുള്ളതല്ലെന്ന് 37-കാരനായ താരം വ്യക്തമാക്കി.
“2027 ലോകകപ്പിൽ കളിക്കുമോ എന്ന് എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. എനിക്ക് അതിനുള്ള ഉത്തരം കൃത്യമായി അറിയാം. ഇന്ത്യക്കായി ലോകകപ്പ് കളിക്കുക എന്നത് അത്ഭുതകരമായ കാര്യമാണ്. എന്നാൽ അതിനുള്ള ബഹുമാനവും മൂല്യവും ഇരുവശത്തുനിന്നും ഉണ്ടാകണം. ഞാൻ ടീമിന് എത്രത്തോളം പ്രയോജനപ്പെടുന്നു എന്ന് ടീം മാനേജ്‌മെന്റിന് തോന്നുന്നുവോ, അത്രയും കാലം ഞാൻ കളത്തിലുണ്ടാകും. അല്ലാതെ ഓരോ തവണയും എന്നെ തെളിയിക്കാൻ ഞാൻ നിൽക്കില്ല” – കോഹ്‌ലി പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ അച്ചടക്കവും മനോഭാവവും ഇന്നും തുടരുന്നുണ്ട്. ടീമിന് വേണ്ടി 40 ഓവർ ബൗണ്ടറി ലൈനിൽ ഓടി നടന്ന് ഫീൽഡ് ചെയ്യാൻ പറഞ്ഞാൽ പോലും താൻ അത് ഒരു പരാതിയും കൂടാതെ ചെയ്യുമെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിൽ ദൽഹിക്കായി കളിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. കാണികളില്ലാത്ത ഗ്രൗണ്ടിൽ കളിച്ചപ്പോൾ പോലും ക്രിക്കറ്റിനോടുള്ള തന്റെ കുട്ടിക്കാലത്തെ ഇഷ്ടം വീണ്ടെടുക്കാൻ അത് സഹായിച്ചെന്നും മറ്റുള്ളവർക്ക് മുന്നിൽ ഒന്നും തെളിയിക്കാനല്ല, മറിച്ച് ബാറ്റിംഗ് നൽകുന്ന സന്തോഷത്തിന് വേണ്ടിയാണ് താൻ അവിടെ കളിച്ചതെന്നും കോഹ്‌ലി വ്യക്തമാക്കി.
ട്വന്റി 20 (2024), ടെസ്റ്റ് (2025) ഫോർമാറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ച കോഹ്‌ലി നിലവിൽ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് സജീവമായി തുടരുന്നത്.
News Summary: Indian batting maestro Virat Kohli addressed the ongoing speculation surrounding his participation in the 2027 ODI World Cup during a recent RCB podcast. The 37-year-old superstar emphasized that while playing a World Cup for India is amazing, the sense of value must be mutual. Kohli stated that if he is placed in an environment where he constantly needs to prove his worth despite his absolute honesty towards his preparation, that place is not meant for him. Reflecting on his daily discipline and year-round preparation, Kohli mentioned his recent return to the Vijay Hazare Trophy for Delhi, where playing in empty stadiums helped him reconnect with the pure, childlike joy of batting rather than proving a point to anyone.

