തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ (VD Satheesan Kerala Chief Minister Swearing In). യുഎസിലെ ബോസ്റ്റണിലുള്ള പ്രശസ്തമായ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയുടെ (Fletcher School of Law and Diplomacy) ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി താൻ പോകുന്നതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ (X) വ്യക്തമാക്കി. തന്റെ പഴയ കലാലയം കൂടിയായ ഫ്ലെച്ചർ സ്കൂളിലെ 2026-ലെ ബിരുദദാന ചടങ്ങ് ഞായറാഴ്ചയാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് (UDF) മികച്ച വിജയം നേടിയതിനെത്തുടർന്ന് തിങ്കളാഴ്ച (മേയ് 18) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ചടങ്ങിൽ കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഒരു ലക്ഷത്തോളം ആളുകളെ അണിനിരത്തി വിപുലമായ രീതിയിലാണ് ചടങ്ങ് ഒരുക്കുന്നത്.പുതിയ മന്ത്രിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർന്ന് വ്യാഴാഴ്ച കൂടുന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.
വി.ഡി. സതീശന് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നതിൽ എക്സിലൂടെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന ശേഷമാണ്, നേരത്തെ നിശ്ചയിച്ചുപോയ അന്താരാഷ്ട്ര യാത്രയായതിനാൽ തനിക്ക് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം തരൂർ വ്യക്തമാക്കിയത്.
News Summary: Thiruvananthapuram MP Shashi Tharoor announced via social media platform X that he will be unable to attend the swearing-in ceremony of Kerala’s Chief Minister-designate V.D. Satheesan. Tharoor shared that he will be in Boston to deliver the keynote address at the 2026 Commencement ceremony of his alma mater, The Fletcher School of Law and Diplomacy, on Sunday. The grand swearing-in ceremony for V.D. Satheesan and his 21-member cabinet following UDF’s historic assembly election victory is scheduled for Monday at Central Stadium, Thiruvananthapuram. Top national leaders including Rahul Gandhi, Priyanka Gandhi, Mallikarjun Kharge, and the Chief Ministers of Karnataka and Telangana are expected to attend. Tharoor extended his heartiest congratulations to Satheesan while explaining his absence.

