എവററ്റ് (വാഷിംഗ്ടൺ): അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിൽ നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന രണ്ട് കൊലപാതക കേസുകളിൽ 68-കാരനായ മിച്ചൽ ഗാഫിന് (Mitchell Gaff) 50 വർഷത്തെ തടവ് ശിക്ഷ വിധിച്ചു (Chewing Gum DNA Trap). ആധുനിക ഡിഎൻഎ സാങ്കേതികവിദ്യയും പോലീസിന്റെ തന്ത്രപരമായ നീക്കവുമാണ് വർഷങ്ങളായി തെളിയാതെ കിടന്ന കേസുകളിൽ വഴിത്തിരിവായത്.
ആദ്യ കൊലപാതകം (1980): 21 വയസ്സുകാരിയായ സൂസൻ വെസി (Susan Vesey) എന്ന യുവതിയെ അവരുടെ രണ്ട് കുഞ്ഞുങ്ങളുടെ മുൻപിലിട്ട് പ്രതി ക്രൂരമായി മർദ്ദിച്ച്, ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
രണ്ടാം കൊലപാതകം (1984): 42 വയസ്സുകാരിയായ ജൂഡി വീവറെ (Judy Weaver) സമാനമായ രീതിയിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, തെളിവ് നശിപ്പിക്കാനായി പ്രതി കിടപ്പുമുറിക്ക് തീയിട്ടു.
തുടക്കത്തിൽ പോലീസ് ഇവ രണ്ട് വ്യത്യസ്ത കേസുകളായാണ് കണ്ടിരുന്നത്. എന്നാൽ 2003-ൽ ഫോറൻസിക് ശാസ്ത്രജ്ഞ ലിസ കോളിൻസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച ഡിഎൻഎ സാമ്പിളുകൾ മിച്ചൽ ഗാഫിന്റേതാണെന്ന് കണ്ടെത്തി. മുൻപ് മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നതിനാൽ ഇയാളുടെ വിവരങ്ങൾ പോലീസ് ഡാറ്റാബേസിൽ ഉണ്ടായിരുന്നു.
മിച്ചലിനെതിരെ കോടതിയിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ ഇയാളുടെ ഡിഎൻഎ നേരിട്ട് ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഡിറ്റക്ടീവ് സൂസൻ ലോഗോത്തെറ്റിയുടെ നേതൃത്വത്തിൽ പോലീസ് ഒരു തന്ത്രം മെനഞ്ഞു. 2024 ജനുവരിയിൽ ഒരു ച്യൂയിംഗ് ഗം കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന പോലീസ് ഇയാളുടെ വീട്ടിലെത്തി. മിച്ചൽ രുചിച്ചു നോക്കി ഒഴുവാക്കിയ ഗമ്മിൽ നിന്നും പോലീസ് ഇയാളുടെ ഉമിനീർ കലർന്ന ഡിഎൻഎ ശേഖരിക്കുകയും ഇത് കൊലപാതക സ്ഥലത്തെ സാമ്പിളുകളുമായി ഒത്തുനോക്കി പ്രതിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഏപ്രിൽ 16-ന് മിച്ചൽ ഗാഫ് കുറ്റസമ്മതം നടത്തി. ക്രൂരമായ ലൈംഗിക വൈകൃതങ്ങളുള്ള ഇയാൾക്ക് കോടതി വിധിച്ച 50 വർഷത്തെ ശിക്ഷയോടെ ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും.
News Summary: Mitchell Gaff, 68, has been sentenced to 50 years in prison for the cold-case rapes and murders of Susan Vesey (1980) and Judy Weaver (1984) in Everett, Washington. Despite being unsolved for over 40 years, advanced forensic analysis in 2003 linked DNA from the crime scenes to Gaff. To secure a direct match, detectives devised a clever operation in January 2024, posing as chewing gum marketers to retrieve a discarded gum sample containing his saliva. Faced with foolproof DNA evidence, Gaff confessed to both crimes and was sentenced to spend the rest of his life behind bars.

