കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പഴയ ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പുനഃപരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം. ഇതോടെ, നടപടി ഭയന്ന് പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ കോടതിയെ സമീപിച്ചു.(West Bengal BJP Government Intensifies Probe into Old Criminal Cases)
ഉത്തര ദിനാജ്‌പൂർ ജില്ലയിലെ ഇസ്‌ലാംപൂർ ഉൾപ്പെടെയുള്ള പലയിടങ്ങളിലും പ്രാദേശിക നേതാക്കൾ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകി. ബിജെപി സർക്കാർ അധികാരമുപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ടിഎംസിയും കോൺഗ്രസും ആരോപിക്കുന്നു.
ചോപ്ര പഞ്ചായത്ത് പ്രസിഡന്റ് കോനിക ഭൗമികിന്റെ ഭർത്താവ് ഗോപാൽ ഭൗമിക് പഴയൊരു കേസിൽ അറസ്റ്റിലായി. ചോപ്ര മണ്ഡലത്തിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ശങ്കർ അധികാരിയുടെ സഹോദരൻ സുബ്രത അധികാരിയെയും പോലീസ് പിടികൂടിയിട്ടുണ്ട്. കേസുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് ടിഎംസി നേതൃത്വം പരാതിപ്പെടുന്നു.
ഭരണമാറ്റത്തിന് പിന്നാലെ പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, പഴയ കേസുകളിൽ ശക്തമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും കുറ്റവാളികളെ പിടികൂടുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമാണ് ബിജെപി നേതാക്കളുടെ മറുപടി. സംസ്ഥാനത്ത് അധികാരമാറ്റത്തിന് പിന്നാലെ ഇസ്‌ലാംപൂർ മേഖല ഉൾപ്പെടെയുള്ളയിടങ്ങളിൽ പ്രതിപക്ഷ നേതാക്കൾ വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് നേരിടുന്നത്.
Story Summary
Following the BJP government’s assumption of power in West Bengal, the administration has intensified investigations into criminal cases from the past 15 years, prompting several opposition TMC and Congress leaders to seek anticipatory bail. While the BJP claims this is a necessary move to uphold the rule of law, the opposition labels the intensified scrutiny as politically motivated vengeance.

