കൊൽക്കത്ത: എസ് ഐ ആർ നടപടികളിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനി സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന തീരുമാനവുമായി പശ്ചിമ ബംഗാളിലെയും ബീഹാറിലെയും ബി.ജെ.പി സർക്കാരുകൾ. പട്ടികയിൽ നിന്ന് പുറത്തായവർ ‘ഇന്ത്യക്കാരല്ലാത്തവരോ’ അല്ലെങ്കിൽ ‘മരണപ്പെട്ടവരോ’ ആണെന്ന് വിലയിരുത്തിയാണ് സർക്കാർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.(Electoral Roll Deletions And Welfare Access Controversy In West Bengal And Bihar)
പശ്ചിമ ബംഗാളിൽ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് റേഷൻ അടക്കമുള്ള സർക്കാർ സഹായങ്ങൾ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ട്രൈബ്യൂണലുകളിൽ പരാതി നൽകി തീർപ്പാകാൻ കാത്തിരിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ ആനുകൂല്യങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ബീഹാറിലും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം പേരുടെ പേര് സംസ്ഥാനത്തെ റേഷൻ കാർഡ് പട്ടികയിൽ നിന്ന് ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു. ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെ റദ്ദാക്കുമെന്നും ബീഹാർ ഭക്ഷ്യ-ഉപഭോക്തൃ വകുപ്പ് മന്ത്രി അശോക് ചൗധരി വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്തതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനല്ലാതാകുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർ നടപടി പൗരന്മാരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പൗരത്വം തെളിയിക്കാൻ വോട്ടർ കാർഡ് മാത്രമല്ലെന്നും, സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ബാധിതർ ചൂണ്ടിക്കാട്ടുന്നു. പേര് തെറ്റായി വന്നത് മൂലം പട്ടികയിൽ നിന്ന് പുറത്തായവരും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ നീക്കം അന്യായമാണെന്നും, എസ്.ഐ.ആർ നടപടികളിലെ പിഴവുകൾ വലിയൊരു വിഭാഗം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.
Story Summary
The BJP-led governments in West Bengal and Bihar have announced that individuals excluded from electoral rolls during the Special Intensive Revision (SIR) exercise will no longer be eligible for state welfare schemes, including ration. While West Bengal has exempted those with pending tribunal cases, the move has triggered widespread panic, with citizens and opposition leaders condemning it as an unfair process that confuses electoral registration with citizenship.

