തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം (Kerala CM Candidate 2026). കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ സതീശനായി അണികൾ തെരുവിലിറങ്ങിയതിൽ എഐസിസി (AICC) നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
ഭൂരിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളും കെസിയെ പിന്തുണച്ചു. അതേസമയം , പടനയിച്ച തനിക്ക് തന്നെ മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ വി.ഡി. സതീശൻ ഉറച്ചുനിൽക്കുന്നു. എന്നാൽ, ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാൻ പിആർ ഏജൻസികളെ ഉപയോഗിച്ച് തെരുവിൽ പ്രതിഷേധം സംഘടിപ്പിച്ചത് സതീശന് തിരിച്ചടിയായേക്കും. പിന്തുണയുണ്ടെങ്കിൽ അത് തെളിയിക്കാൻ ഹൈക്കമാൻഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായും, രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയായും നിശ്ചയിക്കാനാണ് സാധ്യത. വി.ഡി. സതീശന് ധനമന്ത്രി സ്ഥാനം നൽകിക്കൊണ്ട് സമവായത്തിലെത്താനാണ് നേതൃത്വത്തിന്റെ നീക്കം. പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം അധികാര തർക്കം തെരുവിലേക്ക് നീണ്ടത് പാർട്ടി പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് മുതിർന്ന നേതാക്കൾ.
News Summary: The suspense over Kerala’s next Chief Minister continues a week after the election results. While the High Command favors K.C. Venugopal, V.D. Satheesan remains firm on his demand for the post. The AICC leadership is reportedly unhappy with the street protests organized by Satheesan’s supporters, viewing them as a pressure tactic. Most MLAs and MPs back Venugopal, and a formula involving Venugopal as CM, Ramesh Chennithala as Home Minister, and Satheesan as Finance Minister is being considered. A final announcement is expected by Wednesday morning.

