ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ മിന്നും വിജയത്തിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് നിയുക്ത എംഎൽഎ ജി. സുധാകരൻ (G Sudhakaran MLA-Vellappally Natesan Meeting). ശനിയാഴ്ച വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവർക്കൊപ്പം സമയം ചെലവഴിച്ച സുധാകരൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി. സുധാകരൻ 27,935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന സുധാകരൻ, പാർട്ടിയിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തവണ സ്വതന്ത്രനായി ജനവിധി തേടിയത്.സിറ്റിംഗ് എംഎൽഎയും സിപിഎം നേതാവുമായ എച്ച്. സലാമിനെയാണ് സുധാകരൻ പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജില്ലയിലെ വിവിധ മത-സാമൂഹിക-സാംസ്‌കാരിക നേതാക്കളെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചത്.
സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ അമ്പലപ്പുഴയിൽ ജി. സുധാകരൻ നേടിയ വിജയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary: Newly elected Ambalappuzha MLA G. Sudhakaran visited SNDP Yogam General Secretary Vellappally Natesan at his residence in Kanichukulangara following his election victory. Sudhakaran, a former CPM minister who contested as a UDF-backed independent candidate, won by a margin of 27,935 votes, defeating sitting MLA H. Salam of the CPM. The visit is part of his ongoing outreach to various social and cultural leaders in the district post-election.

