കോഴിക്കോട്: വേനലവധി കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22), മുഹമ്മദ് അർഷലാൽ (25) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോയോളം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ടൊയോട്ട ഓൾട്ടിസ് കാറും പിടിച്ചെടുത്തു.(Major Drug Bust In Kozhikode Three Arrested With One Kilogram MDMA)
ദേശീയപാത 66-ൽ പന്തീരങ്കാവ് സർവീസ് റോഡിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രാത്രി പട്രോളിംഗിനിടെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്.
ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സംഘം വൻതോതിൽ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മൊത്തക്കച്ചവടക്കാർക്ക് ഇത് എത്തിച്ചുകൊടുക്കുകയും ചെറിയ പാക്കറ്റുകളിലാക്കി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയുമാണ് ഇവരുടെ രീതി. വേനലവധി ആയതിനാൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കച്ചവടം സജീവമാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. പിടിയിലായ പ്രതികളിൽ ഒരാളായ ആദിൽഷാ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Story Summary
The Kozhikode City DANSAF and Pantheerankavu police arrested three youths from Malappuram with 1.13 kg of MDMA aimed at school and college students during summer vacation. The drugs, smuggled from Delhi and Goa, were seized along with a luxury car during a night patrol based on a tip-off.

