ഡൽഹി/ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഡി.എം.കെ ഔദ്യോഗികമായി അവസാനിപ്പിച്ചു (DMK Congress Split). ലോക്‌സഭയിൽ ഡി.എം.കെ എം.പിമാർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി എം.പി സ്പീക്കർക്ക് കത്തെഴുതി. കോൺഗ്രസ് എം.പിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്നുമാണ് കത്തിലെ ആവശ്യം. ഇൻഡ്യ (INDIA) മുന്നണിയിലെ നാലാമത്തെ വലിയ കക്ഷിയായ ഡി.എം.കെയ്ക്ക് 22 ലോക്‌സഭാ അംഗങ്ങളാണുള്ളത്.
നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) 107 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്. സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകൾ വേണ്ട ടി.വി.കെയ്ക്ക് അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ സഖ്യത്തിലായിരുന്ന സി.പി.ഐ, സി.പി.എം, വി.സി.കെ എന്നീ പാർട്ടികളും വിജയിക്കൊപ്പം ചേർന്നതോടെ ടി.വി.കെ സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്.
ഡി.എം.കെയെ ഉപേക്ഷിച്ച കോൺഗ്രസ് നിലപാടിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. “പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ” എന്ന് മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ബംഗാൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മമത ബാനർജിയെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അറുതി വരുത്തിക്കൊണ്ട് ഒരു പുതിയ സഖ്യ സർക്കാർ തമിഴ്‌നാട്ടിൽ അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ അലയൊലികൾ ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെ ഐക്യത്തെയും ബാധിച്ചിട്ടുണ്ട്.
Story Summary: Following the 2026 Tamil Nadu elections, DMK has officially ended its alliance with Congress after the latter supported Vijay’s TVK for government formation. Kanimozhi MP has requested the Lok Sabha Speaker for a separate seating block for DMK’s 22 members. Meanwhile, TVK has reached the majority mark of 118 with support from Congress and Left parties.

