മലപ്പുറം: വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചു. എന്നാൽ, പാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.(Toll collection at Vettichira on National Highway 66 soon)
പുതുക്കിയ നിരക്കുകൾ പ്രകാരം കാർ, ജീപ്പ്, വാൻ തുടങ്ങിയ ലഘുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയാണ് നൽകേണ്ടത്. 24 മണിക്കൂറിനുള്ളിലെ മടക്കയാത്ര ഉൾപ്പെടെയാണെങ്കിൽ 220 രൂപ നൽകിയാൽ മതിയാകും. ബസുകൾക്കും ട്രക്കുകൾക്കും 495 രൂപയും വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഹെവി കൺസ്ട്രക്ഷൻ മെഷിനറി വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 775 രൂപയും ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക് 945 രൂപയും ടോൾ നൽകണം.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി 340 രൂപയുടെ പ്രതിമാസ പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപേ ടോൾ പിരിക്കാനുള്ള നീക്കം വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.



