ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി ഡിഎംകെ (Tamil Nadu Election Results). തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ പ്രഖ്യാപിച്ച് മറുകണ്ടം ചാടിയ കോൺഗ്രസ് നടപടി വഞ്ചനയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ചെന്നൈയിൽ ചേർന്ന ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് കോൺഗ്രസിനെതിരെ പ്രമേയം പാസാക്കിയത്.
മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി നടത്തുന്നതിന് സമാനമായ രാഷ്ട്രീയ വഞ്ചനയാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് കാട്ടിയതെന്ന് പ്രമേയത്തിൽ പറയുന്നു. തങ്ങളെ പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം.
അതേസമയം, നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കാൻ എംഎൽഎമാർക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മാന്യമായ രീതിയിലുള്ള പെരുമാറ്റമായിരിക്കണം പ്രതിപക്ഷ നിരയിൽ ഡിഎംകെ അംഗങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് നിർണ്ണായകമായ ചില തീരുമാനങ്ങൾ ഉടനുണ്ടാകുമെന്നും മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യം അറിയിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary: The DMK has slammed the Congress for betraying their alliance by supporting Vijay’s TVK, which emerged as the single largest party in the Tamil Nadu Assembly elections. M.K. Stalin has urged his MLAs to act as a responsible opposition while hinting at future strategic decisions for the party.

