തിരുവനന്തപുരം: നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പോലീസിൽ പരാതി (Cherian Philip Bindu Krishna). സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയത്. ചെറിയാൻ ഫിലിപ്പിനെതിരെ കർശന നിയമനടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടന്ന ഇന്ദിരാഭവനിലാണ് സംഭവം അരങ്ങേറിയത്. യോഗത്തിനെത്തിയ ജനപ്രതിനിധികളെ സ്വീകരിക്കുന്നതിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ മുതിരുകയായിരുന്നു. ബിന്ദു കൃഷ്ണ ഇത് തടയാൻ ശ്രമിച്ചിട്ടും അദ്ദേഹം വീണ്ടും ശ്രമം തുടർന്നത് പാർട്ടി ആസ്ഥാനത്ത് അല്പനേരം പരിഭ്രാന്തി പരത്തി. ഒടുവിൽ നേതാവിനെ തള്ളിമാറ്റിയ ബിന്ദു കൃഷ്ണ ഹസ്തദാനം നൽകിയാണ് അവിടെ നിന്നും മാറിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പാർട്ടി ആസ്ഥാനത്ത് വനിതാ നേതാക്കൾ പോലും സുരക്ഷിതരല്ലെന്ന ആക്ഷേപവുമായി രാഷ്ട്രീയ എതിരാളികൾ രംഗത്തെത്തി. കോൺഗ്രസിനകത്തെ അച്ചടക്കമില്ലായ്മയുടെയും സ്ത്രീവിരുദ്ധ നിലപാടുകളുടെയും തെളിവാണ് ഇതെന്നും വിമർശനമുയരുന്നുണ്ട്.
സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള നിർണ്ണായക ചർച്ചകൾ നടക്കുമ്പോൾ ഉണ്ടായ ഈ അപ്രതീക്ഷിത വിവാദം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Story Summary: A police complaint has been filed against Congress leader Cherian Philip for allegedly attempting to forcefully hug newly elected MLA Bindu Krishna at Indira Bhavan. The incident, which occurred during the Congress Legislative Party meeting, has sparked widespread criticism on social media after video clips surfaced.

