ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും കൊലപാതകക്കേസിൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ധർമേന്ദ്ര സിംഗും വിവാഹിതരായി (Jail Official Marries Convict). മെയ് അഞ്ചിന് ഛത്താർപൂർ ജില്ലയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
2007-ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയതായിരുന്നു ധർമേന്ദ്ര സിംഗ്. ഫിറോസ ഖാത്തൂൻ ജയിലിൽ വാറണ്ട് ഇൻചാർജായി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ജയിലിലെ ജോലികളിൽ അധികൃതരെ സഹായിച്ചിരുന്ന ധർമേന്ദ്രയും ഫിറോസയും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി നാല് വർഷം മുമ്പാണ് ധർമേന്ദ്ര സിംഗ് മോചിതനായത്. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ മിശ്രവിവാഹമായതിനാൽ ഫിറോസയുടെ കുടുംബം ബന്ധത്തെ എതിർത്തിരുന്നു. ഒടുവിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സാന്നിധ്യത്തിലും പിന്തുണയിലുമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ജയിൽ ഉദ്യോഗസ്ഥരും സഹതടവുകാരും നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി. തടവുകാലത്തെ സൗഹൃദം ജീവിതപങ്കാളിത്തത്തിലേക്കെത്തിയ ഈ അപൂർവ്വ വിവാഹം മധ്യപ്രദേശിൽ വലിയ ചർച്ചയായിട്ടുണ്ട്.
Story Summary : Firoza Khatun, Assistant Superintendent at Satna Central Jail, married Dharmendra Singh, a former convict who served 14 years for murder. Their relationship, which began as a friendship while Singh was an inmate, culminated in a wedding on May 5 in Chhatarpur district after facing familial opposition.

