പൂനെ: മഹാരാഷ്ട്രയിലെ ഭോർ താലൂക്കിലെ നർസാപൂരിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെയ് ഒന്നിനാണ് ഭക്ഷണസാധനങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി നാല് വയസ്സുകാരിയെ തൊഴുത്തിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതിയായ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Pune Child Rape Murder Case Autopsy Report Asphyxia Death Penalty Demand)
കുട്ടി ബഹളം വെക്കാതിരിക്കാൻ പ്രതി വായിൽ തുണി തിരുകിക്കയറ്റിയതാണ് മരണത്തിലേക്ക് നയിച്ചത്. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1998-ലും 2015-ലും സ്ത്രീകളെ ഉപദ്രവിച്ച കേസുകളിൽ ഇയാൾ നേരത്തെ പ്രതിയായിരുന്നുവെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമീണർ മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ (SIT) കേസ് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും വ്യക്തമാക്കി. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കാനും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും നിർദ്ദേശം നൽകി.
മഹാരാഷ്ട്ര നവനിർമ്മാൺ സേന (MNS) അധ്യക്ഷൻ രാജ് താക്കറെ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സംഭവത്തിൽ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമത്തെ പേടിയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും ഇത്തരം കേസുകളിൽ കടുത്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം കുടുംബം പോലും പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
Story Summary
The autopsy of a four-year-old girl raped and murdered in Pune confirmed death due to asphyxia after the 65-year-old accused gagged her with a cloth. Maharashtra CM Devendra Fadnavis and Deputy CM Eknath Shinde have assured that the trial will be fast-tracked to ensure the death penalty for the perpetrator.

