ദുബായ്: ഹോർമുസ് കടലിടുക്കിലെ സംഘർഷം മുറുകുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം (Fujairah drone attack). ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. മേഖലയിലുണ്ടായ തീപിടുത്തത്തിലാണ് ഇവർക്ക് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് യുഎഇ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും എത്തിയത്. നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തു. നാലാമത്തെ മിസൈൽ ജനവാസമില്ലാത്ത കടൽ ഭാഗത്താണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തെത്തുടർന്ന് യുഎഇയിലെ താമസക്കാർക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം (Emergency Alerts) ലഭിച്ചു. വൈകുന്നേരം 4 മണിക്കും 7 മണിക്കും എത്തിയ സന്ദേശങ്ങളിൽ മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ കർശന നിർദ്ദേശം നൽകി.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ നീക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയ ആക്രമണങ്ങൾക്ക് കാരണം. ഇറാന്റെ വിലക്ക് ലംഘിച്ച് ഹോർമുസിലൂടെ കടക്കാൻ ശ്രമിച്ച അഡ്‌നോക് കപ്പലിന് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. ഹോർമുസിലെ തടസ്സങ്ങൾ മാറ്റാൻ അമേരിക്ക ബലം പ്രയോഗിക്കാൻ നീക്കം നടത്തിയതും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഫുജൈറയിലെ പെട്രോളിയം പശ്ചാത്തല സൗകര്യങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണുകളെത്തിയത്.
രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും വ്യാജവാർത്തകളിൽ ഭയപ്പെടരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Story Summary: Three Indian nationals were injured in a drone attack by Iran on the Fujairah Petroleum Industries Zone. While UAE’s defense systems intercepted most of the incoming missiles, residents were placed on high alert as tensions escalated in the Strait of Hormuz.

