ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ എന്ന് നാളെയറിയാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണത്തുടർച്ച ഉറപ്പിക്കുമെന്ന് അവകാശപ്പെടുമ്പോഴും, തമിഴക വെട്രി കഴകത്തിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച നടൻ വിജയ് എത്രത്തോളം വോട്ടുകൾ പിടിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ചില എക്സിറ്റ് പോളുകൾ സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചതോടെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം വലിയ ആശങ്കയിലാണ്.(Will MK Stalin continue to rule in Tamil Nadu, or will it be a Vijay wave?)
സിനിമയിലെ തിളക്കം രാഷ്ട്രീയത്തിലും വിജയ് ആവർത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യം. തമിഴ് ജനത ‘ദളപതി’യെ സ്വീകരിക്കുമോ എന്ന് നാളെ ഉച്ചയോടെ വ്യക്തമാകും. ടി.വി.കെ 15 ശതമാനത്തിൽ താഴെ മാത്രമേ വോട്ട് നേടൂ എന്ന് ദ്രാവിഡ പാർട്ടികൾ ആദ്യം കണക്കുകൂട്ടിയിരുന്നെങ്കിലും, പോളിംഗ് ദിനത്തിലെ ആവേശം അത് 20 ശതമാനം കടന്നേക്കുമെന്ന സൂചനയാണ് നൽകുന്നത്.
പ്രമുഖ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം പുറത്തുവന്നതോടെ തമിഴ് രാഷ്ട്രീയം അക്ഷരാർത്ഥത്തിൽ ചൂടുപിടിച്ചിരിക്കുകയാണ്. 234 അംഗ നിയമസഭയിൽ 120 സീറ്റുകൾ വരെ നേടി വിജയ് അധികാരം പിടിച്ചേക്കാമെന്നാണ് ഇവരുടെ പ്രവചനം. ഈ കണക്കുകൾ സത്യമായാൽ തമിഴ്നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ കക്ഷികളുടെ അപ്രമാദിത്തത്തിന് വലിയ തിരിച്ചടിയുണ്ടാകും. ഭരണത്തുടർച്ചയിൽ സ്റ്റാലിൻ ഉറച്ചുനിൽക്കുമ്പോൾ, എ.ഐ.ഡി.എം.കെയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എന്നാൽ വിജയ് പിടിക്കുന്ന വോട്ടുകൾ ആരുടെ സാധ്യതകളെയാണ് ഇല്ലാതാക്കുക എന്നതിനെ ആശ്രയിച്ചിരിക്കും നാളത്തെ ഫലം. തമിഴ് ജനത അർപ്പിച്ച വിശ്വാസം വോട്ടുകളായി മാറുമോ എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

