ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ വിവാഹവേദിയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു സ്റ്റേജിൽ നിന്ന് ചാടിയിറങ്ങി കാമുകനെ വരണമാല്യം അണിയിച്ചു. ഏപ്രിൽ 27-ന് രാത്രി ഉമ്രേത്ത് മേഖലയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.(Madhya Pradesh Bride Jumps Off Stage, Runs To Lover and Puts Garland Around His Neck In Dramatic Twist)
MP: Shocking incident from Chhindwara: Bride ran from the stage, put a garland around her lover’s neck in front of the groom… A shocking wedding incident has come to light from #Chhindwara, #MadhyaPradesh, which has surprised everyone. pic.twitter.com/yHvMGKzHN1
— Siraj Noorani (@sirajnoorani) May 1, 2026
പരാസിയയിൽ നിന്ന് വരനും സംഘവും മുജാവർ ഗ്രാമത്തിലെ വിവാഹ പന്തലിൽ എത്തിയത് മുതൽ ചടങ്ങുകൾ സാധാരണ നിലയിലായിരുന്നു. കരിമരുന്ന് പ്രയോഗവും വിരുന്നും കഴിഞ്ഞ് ഏറെ പ്രതീക്ഷയോടെ വരണമാല്യം കൈമാറുന്ന ചടങ്ങിലേക്ക് കടന്നു. വധുവും വരനും മാലയുമായി വേദിയിൽ മുഖാമുഖം നിന്നു. എന്നാൽ മാല ചാർത്തുന്നതിന് തൊട്ടുമുമ്പ് എല്ലാവരെയും സ്തംഭിപ്പിച്ചുകൊണ്ട് വധു സ്റ്റേജിൽ നിന്ന് താഴേക്ക് ചാടി ഓടുകയായിരുന്നു.
പന്തലിൽ നിന്നിരുന്ന തന്റെ കാമുകന്റെ അടുത്തേക്കാണ് വധു ഓടിയെത്തിയത്. എല്ലാവരും നോക്കിനിൽക്കെ അയാളെ കെട്ടിപ്പിടിച്ച യുവതി കയ്യിലിരുന്ന വരണമാല്യം കാമുകന്റെ കഴുത്തിൽ അണിയിച്ചു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ വരൻ മിനിറ്റുകളോളം സ്റ്റേജിൽ പകച്ചുനിന്നു. യുവതിയുടെ പ്രവൃത്തിയിൽ രോഷാകുലരായ വീട്ടുകാർ കാമുകനെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയും പന്തലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വലിയ വഴക്കിനും സംഘർഷത്തിനും കാരണമായി. ഇതിനിടെ, ഈ പെൺകുട്ടിയെ വിവാഹം കഴിക്കാനില്ലെന്ന് വ്യക്തമാക്കിയ വരൻ ഘോഷയാത്രയുമായി മടങ്ങിപ്പോയി.
കഴിഞ്ഞ രണ്ട് വർഷമായി യുവതി ഈ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും നിർബന്ധിച്ചാണ് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ചത്. എന്നാൽ വിവാഹ പന്തലിൽ കാമുകനെ കണ്ടതോടെ യുവതി തന്റെ തീരുമാനം മാറ്റുകയായിരുന്നു. നിലവിൽ യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്.

