ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ഇത് അതിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഫെബ്രുവരി മുതൽ ഇതുവരെ 1,380 രൂപയാണ് വർധിപ്പിച്ചത്. ഇതിനെ ‘ഇലക്ഷൻ ബില്ല്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“ആദ്യം ഗ്യാസ്, അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കും. തിരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞു, ഇനി വിലക്കയറ്റത്തിന്റെ നാളുകളാണ് വരുന്നത്,” രാഹുൽ ഗാന്ധി എക്‌സിൽ (X) കുറിച്ചു.
മാസാദ്യമായ ഇന്ന് ഒറ്റയടിക്ക് 993 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് വർധിപ്പിച്ചത്. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് ഹോട്ടൽ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കും വില കൂടാൻ കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാധാരണക്കാർ വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുമ്പോഴും കേന്ദ്രസർക്കാർ ഇത് കാണാത്ത ഭാവം നടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Story Summary: Congress leader Rahul Gandhi criticized the central government over the steep hike in commercial LPG prices, calling it the “Election Bill.” He pointed out that commercial cylinder prices have surged by 81% since February, an increase of ₹1,380. Rahul Gandhi warned that after gas, petrol and diesel prices are also likely to rise now that elections are over.

