ബെംഗളൂരു: ബി.ടി.എൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ വൻ പ്രതിഷേധം. ആദിത്യന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കാത്തതും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ തടഞ്ഞതുമാണ് പ്രതിഷേധത്തിന് കാരണമായത്. ആരോപണവിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.(Student protest at BTL Nursing College over Malayali student’s death)
ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിന് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല. പകരം, പരാതി നൽകിയ ആദിത്യനെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് കുടുംബം പറയുന്നു.
ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്മെന്റ് തുടക്കം മുതലേ ശ്രമിക്കുന്നതായി പിതാവ് ആരോപിച്ചു. പരാതി സ്വീകരിക്കാൻ ഹെബ്ബഗോഡി പൊലീസ് ആദ്യം വിമുഖത കാണിച്ചു. വിദ്യാർത്ഥികളുടെ ആരോപണങ്ങൾ മാനേജ്മെന്റ് പൂർണ്ണമായും നിഷേധിച്ചു. ആരോപണവിധേയനായ അധ്യാപകന് മരണത്തിൽ പങ്കില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ഈ വിശദീകരണങ്ങൾ തള്ളിയ വിദ്യാർത്ഥികൾ, മാനേജ്മെന്റുമായുള്ള ചർച്ച പരസ്യമായി വേണമെന്ന് ആവശ്യപ്പെട്ടു.
മരണത്തിന് മുൻപ് ആദിത്യൻ അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നത് സംഭവത്തിൽ നിർണ്ണായകമായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ പരാതി നൽകിയിട്ടും തന്നെ മറ്റൊരു മുറിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ലെന്ന് ആദിത്യൻ സന്ദേശത്തിൽ പറയുന്നുണ്ട്. അഭിഭാഷകന്റെ ഇടപെടലിന് ശേഷം മാത്രമാണ് പൊലീസ് പരാതി സ്വീകരിച്ചത്.

