ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ അമേരിക്കയ്ക്ക് കടുത്ത അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന നാവിക ഉപരോധം യുദ്ധത്തിന് തുല്യമാണെന്നും ഇത് ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ഉപരോധം തുടർന്നാൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.( Iran issues ultimatum to America, saying Sanctions are tantamount to war)
അമേരിക്കൻ സാമ്രാജ്യത്വം മേഖലയിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയുടെ സന്ദേശത്തിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പ്രതികരണം. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി സന്ദേശത്തിൽ പറയുന്നു.
ഹോർമൂസ്, പേർഷ്യൻ ഗൾഫ് മേഖലകളിൽ ഇറാൻ പുതിയ അധ്യായം തുറക്കുന്നു. ഇത് മേഖലയുടെ പുരോഗതിക്കും സമാധാനത്തിനും വഴിവെക്കും. മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കൻ സാന്നിധ്യമാണ്. ഭാവിയിൽ അമേരിക്കയ്ക്ക് ഇവിടെ സ്ഥാനമുണ്ടാകില്ല, അവരുടെ സ്ഥാനം കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് ഇറാൻ തെളിയിക്കും. അയൽരാജ്യങ്ങളുമായി ചേർന്നുപോകാൻ ഇറാൻ സന്നദ്ധമാണ്. പുതിയ സംവിധാനം വഴി മേഖലയിൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

