അഹമ്മദാബാദ്: ആധുനിക എഐ (AI) ടൂളുകൾ ഉപയോഗിച്ച് ബിസിനസുകാരന്റെ വ്യാജ വീഡിയോകൾ നിർമ്മിച്ച് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയ സംഘത്തെ അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് പിടികൂടി (AI Fraud). കനുഭായ് പർമാർ, ആശിഷ് വനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. അഹമ്മദാബാദിൽ ഇറക്കുമതി-കയറ്റുമതി ബിസിനസ് നടത്തുന്ന വ്യക്തിയാണ് തട്ടിപ്പിനിരയായത്.
എഐ ടൂളുകൾ ഉപയോഗിച്ച് ഇരയുടെ ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിച്ചാണ് പ്രതികൾ ആധാർ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ചത്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ ഒടിപികൾ പ്രതികളുടെ നമ്പറിലേക്ക് റീഡയറക്ട് ചെയ്യുകയും ഇരയുടെ ഡിജിലോക്കർ അക്കൗണ്ട് ഹാക്ക് ചെയ്ത് രേഖകൾ ചോർത്തുകയും ചെയ്തു. ഈ രേഖകൾ ഉപയോഗിച്ച് ഇരയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറന്ന പ്രതികൾ, ജിയോ പേയ്മെന്റ്സ് ബാങ്ക് വഴി വായ്പയെടുക്കുകയും സാമ്പത്തിക തിരിമറികൾ നടത്തുകയും ചെയ്തു.
പ്രതികളിൽ ഒരാൾ കോമൺ സർവീസ് സെന്ററിലെ (CSC) ജീവനക്കാരനായതിനാൽ ആധാർ വിവരങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാൻ ഇവർക്ക് സാധിച്ചു. ബാങ്കിംഗ് മേഖലയിൽ എഐ ടൂളുകൾ (ജെമിനി, ക്ലോഡ് മിത്തോസ് തുടങ്ങിയവ) ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ ഗൗരവകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. എഐ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്ക് ഉദ്യോഗസ്ഥരുമായി നേരത്തെ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ മുൻകരുതലുകൾ ചർച്ച ചെയ്തിരുന്നു.
Story Summary: Ahmedabad Cyber Crime Branch arrested a four-member gang for creating deepfake videos of a businessman using AI tools like Google Gemini to bypass Aadhaar biometric verification. The fraudsters gained access to the victim’s Digilocker and opened fraudulent bank accounts to secure loans and conduct financial scams.

