കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമാക്കിയ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനത്തിന് ഇന്ന് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി അംഗീകാരം നൽകുകയായിരുന്നു. (V Kunhikrishnan officially expelled from CPM primary membership)
പാർട്ടിക്കുള്ളിൽ പരിഹരിക്കേണ്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമാക്കി പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിച്ചു. രണ്ട് പാർട്ടി കമ്മീഷനുകൾ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തിലും, ആരോപണങ്ങളിൽ ഉറച്ചുനിന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നടത്തിയ വെളിപ്പെടുത്തലുകൾ പാർട്ടി വിരുദ്ധമാണെന്ന് നേതൃത്വം വിലയിരുത്തി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി റിപ്പോർട്ട് ചെയ്തത്. ഈ മാസം 27-ന് പയ്യന്നൂരിലെ പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ച് നടപടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും. ലോക്കൽ, ജനറൽ ബോഡി യോഗങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ട് പങ്കെടുത്ത് അണികളുടെ സംശയങ്ങൾ ദൂരീകരിക്കും.
പുറത്താക്കൽ വാർത്തയ്ക്ക് പിന്നാലെ പയ്യന്നൂരിൽ പാർട്ടി അണികൾ രണ്ട് ചേരിയായി തിരിഞ്ഞു കഴിഞ്ഞു. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ ഒരു വിഭാഗം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. ഇദ്ദേഹത്തെ ‘വർഗ്ഗവഞ്ചകൻ’ എന്നാണ് പാർട്ടി അനുകൂലികൾ വിശേഷിപ്പിക്കുന്നത്. അതേസമയം, കുഞ്ഞികൃഷ്ണനെ വി.എസിനോട് ഉപമിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ വീണ്ടും ഉയർന്നിട്ടുണ്ട്.



