കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പരക്കെ ചിതറിയ അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്. രാവിലെ 11 മണി വരെ ഏകദേശം 40 ശതമാനം വോട്ടർമാർ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഒരേ ബൂത്ത് പരിസരത്ത് എത്തിയതോടെ ഭവാനിപുർ മണ്ഡലത്തിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു. ഇരുനേതാക്കളും പരസ്പരം രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉന്നയിച്ചത്.(West Bengal Assembly polls Phase 2, Tension grips State as clashes erupt in Nadia, Bhabanipur)
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ ദക്ഷിണ ബംഗാളിലും കൊൽക്കത്തയിലുമാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത് എന്നതിനാൽ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ‘ലിറ്റ്മസ് ടെസ്റ്റ്’ ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 142 സീറ്റുകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
നോർത്ത് 24 പർഗാനാസ് (33), സൗത്ത് 24 പർഗാനാസ് (31), നാദിയ (17), ഹൗറ (16), കൊൽക്കത്ത (11), ഹൂഗ്ലി (18), പൂർബ ബർധമാൻ (16) എന്നിങ്ങനെ ഏഴ് ജില്ലകൾ വിധി എഴുതുന്നു. ഭവാനിപുരിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയുമാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. കൂടാതെ പ്രമുഖ തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കിം (കൊൽക്കത്ത പോർട്ട്), അരൂപ് ബിശ്വാസ് (ടോളിഗഞ്ച്), ശശി പഞ്ജ (ശ്യാമപുക്കൂർ), ബ്രത്യ ബസു (ദംദം) എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. 3.21 കോടി വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

