കരിംനഗർ: കുടുംബവഴക്കിനെത്തുടർന്ന് പിഞ്ചുമക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ദമ്പതികൾ മടങ്ങി. തെലങ്കാനയിലെ കരിംനഗറിലുള്ള എൽ.എം.ഡി പോലീസ് സ്റ്റേഷനിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്. ഒമ്പതും ആറും വയസ്സുള്ള പെൺകുട്ടികളെയാണ് മാതാപിതാക്കൾ ഉപേക്ഷിച്ചത്.(Parents Abandon Their Kid Daughters at Police Station in Karimnagar)
അൽഗനൂർ സ്വദേശിയും കടയുടമയുമായ രവികുമാറും നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ലളിതയും 11 വർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ രവികുമാറിന്റെ മദ്യപാനവും നിരന്തരമായ കുടുംബവഴക്കും കാരണം ഇവരുടെ ബന്ധം വഷളായി. കഴിഞ്ഞ മൂന്ന് മാസമായി ലളിത സ്വന്തം വീട്ടിലായിരുന്നു താമസം.
തിങ്കളാഴ്ച വൈകിട്ട് പരസ്പരം വഴക്കിട്ടുകൊണ്ടാണ് ദമ്പതികൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസുകാരുടെ മുന്നിലും ഇവർ തർക്കം തുടർന്നു. ഇതിനിടയിൽ പ്രകോപിതയായ ലളിത തന്റെ താലിയും മിഞ്ചിയും ഊരി ഒരു കടലാസിൽ പൊതിഞ്ഞ് വെച്ച ശേഷം മക്കളെ അവിടെ വിട്ട് സ്റ്റേഷന് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ രവികുമാറും കുട്ടികളെ ഉപേക്ഷിച്ച് അവിടെനിന്നും കടന്നുകളഞ്ഞു.
മാതാപിതാക്കൾ ഒന്നിനുപുറകെ ഒന്നായി തങ്ങളെ തനിച്ചാക്കി പോകുന്നത് കണ്ട കുട്ടികൾ പൊട്ടിക്കരഞ്ഞത് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. ഉടൻതന്നെ സബ് ഇൻസ്പെക്ടർ സയ്യിദ് അൻവർ ഇടപെട്ട് ദമ്പതികളെ സ്റ്റേഷനിലേക്ക് തിരികെ വിളിച്ചുവരുത്തി ദീർഘനേരം കൗൺസിലിംഗ് നൽകി. കുട്ടികളെ ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്നും മുതിർന്നവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കുട്ടികളെ ഇരയാക്കരുതെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. എന്നാൽ കൗൺസിലിംഗിന് ശേഷവും മക്കളെ കൂടെക്കൂട്ടാൻ ദമ്പതികൾ തയ്യാറായില്ല. ഒടുവിൽ പോലീസ് കുട്ടികളുടെ മുത്തശ്ശിയെ ബന്ധപ്പെടുകയും അവർ സ്റ്റേഷനിൽ എത്തിയതോടെ കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദമ്പതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം പോലീസ് ആലോചിച്ചുവരികയാണ്.

