കിയോഞ്ജർ: കഠിനമായ വെയിലിനെ അവഗണിച്ച് സഹോദരിയുടെ അവശിഷ്ടങ്ങൾ തോളിലേറ്റി ബാങ്കിലേക്ക് മൂന്ന് കിലോമീറ്റർ നടന്ന് ഒരാൾ ! ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജിത്തു മുണ്ട എന്നയാൾ ഈ കടുംകൈ ചെയ്തത്.(Man Digs Up Sister’s Skeleton, Carries It To Bank For Rs 19,300 Balance)
കിയോഞ്ജർ ഡയാനാലി ഗ്രാമവാസിയാണ് ജിത്തു. ഇദ്ദേഹത്തിന്റെ സഹോദരി കക്ര മുണ്ട രണ്ട് മാസം മുമ്പാണ് മരിച്ചത്. മല്ലിപ്പാസിയിലുള്ള ഒഡിഷ ഗ്രാമിൻ ബാങ്കിലായിരുന്നു കക്രയുടെ അക്കൗണ്ട്. സഹോദരിയുടെ മരണശേഷം അക്കൗണ്ടിലെ തുക പിൻവലിക്കാൻ ജിത്തു ബാങ്ക് മാനേജറെ സമീപിച്ചെങ്കിലും, അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്നോ അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് അധികൃതർ ഇയാളെ മടക്കി അയച്ചു.
അക്ഷരഭ്യാസമില്ലാത്ത ജിത്തുവിന് മരണ സർട്ടിഫിക്കറ്റോ മറ്റ് നിയമരേഖകളോ എങ്ങനെ സംഘടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. നിസ്സഹായനായി മടങ്ങിയ ഇയാൾ ഒടുവിൽ തിങ്കളാഴ്ച ശ്മശാനത്തിലെത്തി സഹോദരിയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് തോളിലേറ്റി മൂന്ന് കിലോമീറ്റർ അകലെയുള്ള ബാങ്കിലേക്ക് നടക്കുകയായിരുന്നു.
അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിത്തുവിനെ കണ്ട് നാട്ടുകാർ സ്തബ്ധരായി. വിവരമറിഞ്ഞ ഗ്രാമവാസികൾ ശക്തമായി പ്രതിഷേധിച്ചു. ഒരു പാവപ്പെട്ടവന് തന്റെ പണം ലഭിക്കാൻ ഇത്രയധികം കഷ്ടപ്പെടേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്ന് അവർ ആരോപിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതർ വഴി വസ്തുതകൾ ബോധ്യപ്പെടാൻ ശ്രമിക്കാതെ ഉദ്യോഗസ്ഥർ നൂലാമാലകൾ പറഞ്ഞ് ജിത്തുവിനെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജിത്തുവിനെ ആശ്വസിപ്പിക്കുകയും അസ്ഥികൂടം ഏറ്റെടുക്കുകയും ചെയ്തു.

