മുംബൈ: പൈധോണിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ദമ്പതികളും രണ്ട് മക്കളും മരിച്ചു. 40 വയസ്സുകാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം.(4 Of Mumbai Family Die Of Suspected Food Poisoning After Eating Biryani, Watermelon)
ശനിയാഴ്ച രാത്രി 10:30-ഓടെ ബന്ധുക്കൾക്കൊപ്പം ഒൻപത് പേർ ചേർന്ന് ബിരിയാണി കഴിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. പുലർച്ചെ ഒരു മണിയോടെ ഈ കുടുംബം തണ്ണിമത്തൻ കഴിച്ചതായി പോലീസ് പറയുന്നു. പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 10:15-ഓടെ ഇളയ മകൾ സൈനബ് മരിച്ചു. അന്ന് രാത്രിയോടെ അബ്ദുള്ളയും പിന്നാലെ നസ്രീനും മൂത്ത മകളും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും ഹിസ്റ്റോപാത്തോളജിക്കൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. ഭക്ഷ്യവിഷബാധയാണോ അതോ തണ്ണിമത്തനിൽ വിഷാംശം കലർന്നതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ ജാർഖണ്ഡിലെ ഗിരിധി ജില്ലയിൽ തെരുവുവിൽപ്പനക്കാരനിൽ നിന്ന് ‘ഗോൾഗപ്പയും’ ‘ചാറ്റും’ കഴിച്ച ഏഴ് വയസ്സുകാരൻ മരിച്ചു. 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിത്വമില്ലാത്ത സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണത്തിനെതിരെയും മലിനമായ ജലത്തിനെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

