കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയരുന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും നടത്തിയ റാലികൾക്കിടെ സംഘർഷം. വെറും 100 മീറ്റർ അകലത്തിൽ ഇരു വിഭാഗവും റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തൃണമൂൽ – ബിജെപി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ പോലീസ് ഇടപെട്ടു.(Clashes during rallies in West Bengal, Mamata Banerjee stops her speech midway and returns)
മമത ബാനർജിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള ബിജെപി റാലിയിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതയായ മമത ബാനർജി, പ്രസംഗം പാതിവഴിയിൽ നിർത്തി. ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് അവർ വേദി വിട്ടു. ഇതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ ബിജെപി റാലിക്ക് നേരെ നീങ്ങിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സംഭവത്തെത്തുടർന്ന് സുവേന്ദു അധികാരിയും ബിജെപിയും മമതയ്ക്കെതിരെ രംഗത്തെത്തി. സംഘർഷങ്ങൾക്ക് കാരണം മമത ബാനർജിയാണെന്നും തൃണമൂലിന്റെ ഗുണ്ടാരാജിന് ബിജെപി അർഹമായ മറുപടി നൽകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തോൽവി ഭയന്നാണ് മമതയ്ക്ക് സംയമനം നഷ്ടപ്പെടുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

