പെരുമ്പാവൂർ: തിരക്കേറിയ എം.സി റോഡിലെ വല്ലം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി (KSRTC Driver Protest). വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലച്ച സംഭവം അരങ്ങേറിയത്. ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. പാലക്കാട്ടുനിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയെന്നാരോപിച്ച് ഡ്രൈവർ റോഡിന് നടുവിൽ നിർത്തിയിട്ടത്. തന്റെ ബസിൽ മറ്റൊരു വാഹനം തട്ടിയെന്നും കേടുപാടുകൾ സംഭവിച്ചെന്നുമായിരുന്നു ഡ്രൈവറുടെ വാദം. എന്നാൽ പോലീസും നാട്ടുകാരും പ്രാഥമികമായി പരിശോധിച്ചപ്പോൾ ബസിൽ പോറലുകൾ പോലും കണ്ടെത്താനായില്ല. വാഹനം മാറ്റിയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറാകാതെ ഇറങ്ങിപ്പോകുകയായിരുന്നു.
ദീർഘദൂര യാത്രക്കാരുൾപ്പെടെ 15 മിനിറ്റിലധികം പെരുവഴിയിലായി. തിരക്കേറിയ ജങ്ഷനായതിനാൽ മിനിറ്റുകൾക്കുള്ളിൽ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് വാർഡനും പോലീസിനും ഡ്രൈവറുടെ സഹകരണമില്ലാത്തതിനാൽ ഗതാഗതം നിയന്ത്രിക്കാനായില്ല.
ഒടുവിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ ഇടപെട്ട്, നടുറോഡിൽ കിടന്ന ബസ് റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്. ബസിൽ തട്ടിയ വാഹനത്തിന്റെ ചിത്രം പകർത്താൻ പോയതാണെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ ഡ്രൈവറുടെ അഹങ്കാരമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് യാത്രക്കാർ ആരോപിച്ചു. പൊതുജനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Story Summary: A KSRTC driver abandoned his bus in the middle of the road at Vallam Junction, Perumbavoor, alleging that another vehicle had hit the bus. The incident, which occurred during peak hours on Friday night, led to a massive traffic jam on MC Road. Although police found no damage to the bus, the driver refused to move it. Traffic was eventually restored after another KSRTC driver moved the abandoned bus to the side of the road.

