ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ലഭിച്ച സർപ്രൈസ് സന്ദേശം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Pilot Voting Message Tamil Nadu Election). ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ യാത്രക്കാരോട് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് വൈറലായത്. വോട്ട് ചെയ്യാൻ പോകുന്നവർ കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ വിമാനത്തിലുണ്ടായിരുന്ന മിക്ക യാത്രക്കാരും ആവേശത്തോടെ പ്രതികരിക്കുന്നത് വീഡിയോയിൽ കാണാം.
വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ ഓരോ വോട്ടുമാണെന്നും ക്യാപ്റ്റൻ ഓർമ്മിപ്പിച്ചു. അർഹരായ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകണമെന്നും പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചെയ്യാൻ വേണ്ടി മാത്രം ദീർഘദൂര യാത്രകൾ ചെയ്ത് നാട്ടിലെത്തുന്ന പ്രവാസികളുടെ ജനാധിപത്യ ബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പൈലറ്റിന്റെ സന്ദേശത്തെയും വോട്ടർമാരുടെ ആവേശത്തെയും പ്രശംസിച്ച് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-നാണ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം വിമാനങ്ങൾ നിറയെ യാത്രക്കാരായിരുന്നുവെന്നും എല്ലാവരും വോട്ട് ചെയ്യാനുള്ള ആവേശത്തിലായിരുന്നുവെന്നും ക്യാപ്റ്റൻ വീഡിയോയ്ക്കൊപ്പം കുറിച്ചു.
View this post on Instagram
Summary: A video of Captain Pradeep Krishnan encouraging passengers to vote for the Tamil Nadu Assembly elections has gone viral. On a flight filled with people returning home to cast their ballots, the pilot emphasized the importance of every vote and urged passengers to choose deserving candidates. Social media users praised both the pilot’s initiative and the dedication of NRIs traveling long distances to exercise their franchise.

