ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽ വാദം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഇതിനുശേഷമാകും യുവതിപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ആരംഭിക്കുക.(Sabarimala women’s entry, Argument enters final stage)
കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന വാദങ്ങളിൽ, മതപരമായ ആചാരങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. പുരാതനമായ ആചാരങ്ങളിലെ യുക്തി തേടി കോടതികൾ പോകരുതെന്ന് പന്തളം കൊട്ടാരത്തിനും അയ്യപ്പ സേവാസംഘത്തിനുമായി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പരോക്ഷമായി ചെയ്യാൻ ശ്രമിക്കരുത് എന്ന നിയമതത്വം അദ്ദേഹം ഉയർത്തിക്കാട്ടി.
ഭരണഘടന നിലവിൽ വരുന്നതിന് മുൻപുള്ള മതാചാരങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്ന് എൻ.എസ്.എസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം പൂർണ്ണമായും അംഗീകരിക്കാൻ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

