തിരുവനന്തപുരം: പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ കലാ-കായിക കഴിവുകൾ വളർത്താനും ആത്മവിശ്വാസം പകർന്നുനൽകാനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(Girls should be raised to be confident, Minister V Sivankutty talks about education sector)
കേരളത്തിലെ സർക്കാർ സ്‌കൂളുകൾ ഹൈടെക് സംവിധാനങ്ങളിലൂടെയും മികച്ച ഭൗതിക സാഹചര്യങ്ങളിലൂടെയും ലോകത്തിന് മാതൃകയായി മാറിക്കഴിഞ്ഞു. ഒരു പൊതുവിദ്യാലയം അമ്പത് വർഷം പിന്നിടുന്നത് സമൂഹത്തിന് നൽകിയ വലിയ സേവനങ്ങളുടെ അടയാളമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആയിരക്കണക്കിന് പെൺകുട്ടികളെ ഉന്നതങ്ങളിലെത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. തലസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിന് കരമന സ്‌കൂൾ നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കളരിപ്പയറ്റിൽ മെഡൽ നേടിയ വിദ്യാർത്ഥിനി ഗോപികയെ മന്ത്രി പ്രത്യേകം അനുമോദിച്ചു. വിവിധ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച മറ്റ് വിദ്യാർത്ഥികൾക്കും ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.



