ബെയ്റൂട്ട്: ദക്ഷിണ ലബനനിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ദിനപത്രത്തിലെ റിപ്പോർട്ടറായ അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്തു.(Lebanese Journalist Killed In Israeli Strike In South Lebanon, Body Retrieved Hours Later)
ദക്ഷിണ ലബനനിലെ അൽ-തിരി ഗ്രാമത്തിൽ റിപ്പോർട്ടിംഗിനായി എത്തിയതായിരുന്നു അമൽ ഖലീലും സഹപ്രവർത്തക സൈനബ് ഫറജും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം ആദ്യം ഒരു വ്യോമാക്രമണം ഉണ്ടായി. ഇതിൽ നിന്ന് രക്ഷപ്പെടാനായി ഇരുവരും സമീപത്തെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ ആ വീടിന് നേരെ രണ്ടാമതും വ്യോമാക്രമണം ഉണ്ടാവുകയായിരുന്നു.
ആദ്യ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത്തെ ആക്രമണത്തിൽ അമൽ ഖലീൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. സഹപ്രവർത്തക സൈനബ് ഫറജിന് ഗുരുതരമായി പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമലിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ സേനയുടെ വെടിവെപ്പിനെത്തുടർന്ന് മണിക്കൂറുകളോളം തടസ്സപ്പെട്ടു. ലബനീസ് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, രക്ഷാപ്രവർത്തകർക്ക് സ്ഥലത്തുനിന്ന് പിന്മാറേണ്ടി വന്നു. ആറ് മണിക്കൂറുകൾക്ക് ശേഷം അർദ്ധരാത്രിയോടെ ലബനീസ് സൈന്യവും റെഡ് ക്രോസും ചേർന്നാണ് അമലിന്റെ മൃതദേഹം പുറത്തെടുത്തത്.
മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ചവർക്കെതിരെയാണ് നടപടി എടുത്തതെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ, ഈ കൊലപാതകം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ലബനീസ് വാർത്താവിനിമയ മന്ത്രി പോൾ മോർക്കോസ് അപലപിച്ചു. 2006 മുതൽ ദക്ഷിണ ലബനനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന പരിചയസമ്പന്നയായ മാധ്യമപ്രവർത്തകയായിരുന്നു അമൽ ഖലീൽ.
അമൽ ഖലീലിന്റെ മരണത്തോടെ ഈ വർഷം മാത്രം ലബനനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഒമ്പതായി. മാർച്ചിൽ പുനരാരംഭിച്ച ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ ഇതുവരെ 2,300-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

