കോഴിക്കോട്: വടകര ചാനിയംകടവിൽ കലുങ്കിനടിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോധപൂർവ്വം ഭീതി പടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം.(Fake bombs found at Chaniyamkadavu, Police confirm)
വടകര ചാനിയംകടവ് പ്രദേശം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലീഗ് – സിപിഎം സംഘർഷത്തെത്തുടർന്ന് കലുഷിതമാണ്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ചാനിയംകടവ് – ശാന്തി നഗർ റോഡ് ജങ്ഷനിലെ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകൾക്ക് സമാനമായ വസ്തുക്കൾ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെത്തുടർന്ന് ഇവ നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ബോംബുകൾ വ്യാജമാണെന്ന് വ്യക്തമായത്. സ്റ്റീൽ പാത്രത്തിൽ മണലും വെടിമരുന്നിന്റെ ചെറിയ അംശവും നിറച്ച് ബോംബ് ആണെന്ന് തോന്നിപ്പിക്കും വിധമാണ് ഇവ നിർമ്മിച്ചിരുന്നത്.

