ന്യൂഡൽഹി: ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കടുത്ത നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോൺഗ്രസിന്റെ വ്യക്തമായ പിന്തുണയില്ലാതെ ‘എമർജൻസി പവർ ലോ’ ഉപയോഗിച്ചാണ് ഈ നികുതികൾ നടപ്പിലാക്കിയതെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ഇതോടെ, യുഎസ് വ്യാപാര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റീഫണ്ട് നടപടികൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.(India May Get $10-12 Billion As US Processes Trump Tariff Refunds)
കോടതി വിധിയെത്തുടർന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, നികുതി തുക തിരികെ നൽകുന്നതിനായി ‘CAPE’ എന്ന പുതിയ ഓൺലൈൻ പോർട്ടൽ ഏപ്രിൽ 20-ന് പ്രവർത്തനസജ്ജമാക്കി. ഇതുവഴി ബിസിനസ് സ്ഥാപനങ്ങൾക്ക് തങ്ങൾ അധികമായി അടച്ച നികുതി തിരികെ ലഭിക്കുന്നതിനായി അപേക്ഷ നൽകാം. ആകെ 166 ബില്യൺ ഡോളറിലധികം തുകയാണ് റീഫണ്ട് ഇനത്തിൽ നൽകാനുള്ളത്. ഇതിൽ 10 മുതൽ 12 ബില്യൺ ഡോളർ വരെ ഇന്ത്യൻ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമായും ടെക്സ്റ്റൈൽസ്, വസ്ത്ര വ്യാപാര മേഖലകളിലും എഞ്ചിനീയറിംഗ് ഉൽപ്പന്ന മേഖലകളിലും നാല് ബില്യൺ ഡോളർ വീതവും, കെമിക്കൽ അനുബന്ധ ഉൽപ്പന്നങ്ങളുടെ മേഖലയിൽ രണ്ട് ബില്യൺ ഡോളറുമാണ് റീഫണ്ട് സാധ്യത പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് യുഎസ് അധികൃതരിൽ നിന്ന് ഈ പണം കൈപ്പറ്റാൻ സാധിക്കില്ല. അമേരിക്കയിൽ നികുതി നേരിട്ട് അടച്ച യുഎസ് ഇറക്കുമതിക്കാർക്കോ കസ്റ്റംസ് ബ്രോക്കർമാർക്കോ മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അതിനാൽ, ഈ തുക ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കണമെങ്കിൽ തങ്ങളുടെ അമേരിക്കൻ പങ്കാളികളുമായി ചർച്ചകൾ നടത്തേണ്ടതുണ്ട്.
യുഎസ് വാങ്ങലുകാർക്ക് ലഭിക്കുന്ന റീഫണ്ട് തുകയുടെ ഒരു ഭാഗം ഇന്ത്യൻ കയറ്റുമതിക്കാർക്ക് നൽകുന്ന രീതിയിലുള്ള കരാറുകളിൽ ഏർപ്പെടാം. നികുതി ഭാരം കണക്കിലെടുത്ത് നിശ്ചയിച്ച പഴയ കരാർ വിലകൾ പരിഷ്കരിക്കാൻ സാധിക്കും. നികുതി ഒഴിവായതോടെ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഓർഡറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കും. നിലവിൽ 56,000-ത്തിലധികം ഇറക്കുമതിക്കാർ റീഫണ്ടിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞാൽ 60 മുതൽ 90 ദിവസത്തിനുള്ളിൽ പണം ലഭിച്ചു തുടങ്ങുമെന്നാണ് യുഎസ് അധികൃതർ നൽകുന്ന സൂചന.

