തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനാണ് ഉത്തരവ്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചിറ്റൂർ തഹസിൽദാർ നേരിട്ടെത്തിയാണ് സ്റ്റോപ്പ് മെമ്മോ കൈമാറിയത്.(Mundathikode tragedy, Collector issues stop memo to Paramekkavu’s fireworks )
കെവിൻ സ്റ്റീഫന്റെ ലൈസൻസിലാണ് പാറമേക്കാവിനായി ഇവിടെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്നത്.മുണ്ടത്തിക്കോട്ടുണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് മുതലമടയിലെ നിർമ്മാണശാലയ്ക്കും വിലക്കേർപ്പെടുത്തിയത്. വെടിമരുന്ന് പുരയുടെ പ്രവർത്തനം ഉടനടി നിർത്തിവെക്കണമെന്നും നിയമപരമായ പരിശോധനകൾ പൂർത്തിയാകാതെ മുന്നോട്ട് പോകരുതെന്നും ഉത്തരവിൽ പറയുന്നു.
തൃശ്ശൂർ പൂരം ആഘോഷപൂർവ്വം നടത്തണമോ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് പാറമേക്കാവ് വിഭാഗത്തിനും തിരിച്ചടിയുണ്ടാകുന്നത്. വെടിക്കെട്ടിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുമെന്ന് തിരുവമ്പാടി വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നതിൽ സർക്കാർ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് അവർ. നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചതോടെ വെടിക്കെട്ട് സാമഗ്രികൾ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷവും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷവും വീതം നൽകും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും.
അപകടത്തിൽ മരിച്ചവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സുദർശനൻ (പഴയന്നൂർ), മണികണ്ഠൻ (എടപ്പാൾ), വാസുദേവൻ (കുമരനെല്ലൂർ, പാലക്കാട്), സുവിൻ (കുണ്ടന്നൂർ), മണികണ്ഠൻ (കോട്ടപ്പുറം), ബിജീഷ്, സുബ്രഹ്മണ്യൻ (കൊളത്തൂർ) എന്നിവരാണിത്. തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയ മുപ്പതോളം ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളേജിലെത്തി നടപടികൾ ആരംഭിച്ചു. നിലവിൽ 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 11 പേർ തൃശൂർ മെഡിക്കൽ കോളേജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

