തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും സുരക്ഷാ കാര്യങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mundathikode tragedy, VD Satheesan calls for a comprehensive investigation)
പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ താൻ പറയുന്നില്ല. എന്നാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താവൂ. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും വീഴ്ചകൾ പരിശോധിക്കപ്പെടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
നഷ്ടപരിഹാര തുക ഉയർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ശേഷം സുരക്ഷാ ക്രമീകരണങ്ങളിൽ കർശന നിയന്ത്രണങ്ങൾ വന്നെങ്കിലും പിന്നീട് അത് ലഘൂകരിക്കപ്പെട്ടു. പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് കർശനമായും നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചു. ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

