തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്ഫോടനത്തിൽ ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടാകുമെന്നും ഫോറൻസിക് പരിശോധനകൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Mundathikode disaster, Union Minister Suresh Gopi visits the site)
സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കെഡാവർ നായകളെ എത്തിക്കും. അവിടെനിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്.
പൊട്ടാത്ത സ്ഫോടകവസ്തുക്കൾ ഇനിയും അവശേഷിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശം അതീവ ജാഗ്രതയിലാണ്. ഇത്തരം വസ്തുക്കൾ സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ നടപടികൾക്കും മറ്റും ഹൈക്കോടതിയുടെ അനുമതി തേടും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂരം സംബന്ധിച്ച അന്തിമ തീരുമാനം ദേവസ്വം മന്ത്രി വി.എൻ. വാസവൻ എത്തിയ ശേഷം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കൈക്കൊള്ളും. കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച നടത്തും.

