തൃശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. 13 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ, തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്. വെടിപ്പുര നിന്നിരുന്ന ഇടത്ത് പുകയും ചെറിയ പൊട്ടിത്തെറികളും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.(Mundathikode blast, Search continues among scattered bodies; DNA testing)
സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ ദൂരെയുള്ള പാടശേഖരങ്ങളിൽ വരെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളിൽ നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം തകർന്ന മൃതദേഹങ്ങൾ സ്ട്രക്ചറുകളിലാക്കി ആശുപത്രികളിലേക്ക് എത്തിക്കുമ്പോൾ കണ്ടുനിന്നവർക്ക് പോലും അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇനി ഈ ജോലിക്കില്ല എന്ന് വിങ്ങലോടെ പറയുന്ന തൊഴിലാളികൾ ദുരന്തത്തിന്റെ ഭീകരത സാക്ഷ്യപ്പെടുത്തുന്നു.
മരിച്ച 13 പേരിൽ ആറ് പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. നിലവിൽ 5 മൃതദേഹങ്ങളുടെയും 11 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കിയുള്ള 15 ഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി നടപടികൾ തുടങ്ങി.
പരിക്കേറ്റ 13 പേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ ഐസിയുവിൽ തുടരുന്നു. വെടിപ്പുര ലൈസൻസി സതീശൻ, പ്രവീൺ എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ തൃശൂരിലെത്തി ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാല് സ്ഥലങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ധനസഹായം സംബന്ധിച്ച നിർണ്ണായക തീരുമാനം ഇന്നത്തെ ക്യാബിനറ്റ് യോഗത്തിലുണ്ടാകും. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്.

