തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്.(Thrissur shaken by Mundathikode blast, DGP confirms 32 people were at the scene)
അപകടം നടന്ന സമയത്ത് എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തമായ കണക്കുകൾ ലഭ്യമായിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്നവർക്കായി 40 ഊണുകൾ ഓർഡർ ചെയ്തിരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇതുപ്രകാരം നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് നിഗമനം.
അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എണ്ണം ഇതിലും ഉയരാൻ സാധ്യതയുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സ്ഫോടനം നടന്ന വെടിപ്പുരയുടെ പരിസരത്തുനിന്നും മാറി ദൂരെയുള്ള പാടശേഖരങ്ങളിൽ വരെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. അവശിഷ്ടങ്ങൾ കണ്ടെത്താൻ മൂന്ന് കഡാവർ നായകളെ സ്ഥലത്തെത്തിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ദുരന്തഭൂമി സന്ദർശിച്ചു.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചയോ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് സൂചന.
5 മൃതദേഹങ്ങളുടെയും 11 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കിയുള്ള 15 ഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ തിരിച്ചറിയാൻ രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി നടപടികൾ ആരംഭിച്ചു. പരിക്കേറ്റ 13 പേരിൽ 10 പേർ ഐസിയുവിലാണ്. ലൈസൻസി സതീശൻ, പ്രവീൺ എന്നിവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാല് സ്ഥലങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം തൃശൂർ മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന പ്രത്യേക കാബിനറ്റ് യോഗത്തിലുണ്ടാകും.നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നത്.

