തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.(Thrissur fireworks display explosion, Health Minister directs to ensure expert treatment)
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ കൂടുതൽ ആംബുലൻസുകളെ പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ ആവശ്യപ്പെട്ടു.
വെടിക്കെട്ട് പുരയിൽ നിന്ന് ഇപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതും പ്രദേശം പുകയാൽ നിറഞ്ഞതും രക്ഷാപ്രവർത്തകരെ കുഴപ്പിക്കുന്നു. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാൻ സാധിക്കാത്തതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് പാടുപെടുകയാണ്. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോർട്ട്. തൃശ്ശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്.

