ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എംപി സ്പീക്കർക്ക് കത്ത് നൽകി. പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നുമാണ് നോട്ടീസിലെ ആവശ്യം.(Criticized Congress 59 times, KC Venugopal issues infringement notice against PM Modi )
രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ 59 തവണയാണ് കോൺഗ്രസിനെ വിമർശിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിലെ വോട്ടിങ് നടപടികളെക്കുറിച്ച് പ്രസംഗത്തിൽ വിശദമായി പരാമർശിച്ചത് പാർലമെന്ററി മര്യാദകളുടെ ലംഘനമാണ്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ-കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള മോദിയുടെ വിമർശനങ്ങൾക്കും വേണുഗോപാൽ മറുപടി നൽകി. ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാമെങ്കിലും മൗലികമായ വിഷയങ്ങളിൽ സഖ്യം ഒറ്റക്കെട്ടാണ്. മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ ജനങ്ങൾ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

