തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Massive explosion at a place where fireworks materials for Thrissur Pooram are being manufactured, Several injured)
പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിലോമീറ്ററുകൾ ദൂരേക്ക് വരെ സ്ഫോടന ശബ്ദം കേട്ടതായും സമീപത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി.
പരിക്കേറ്റവരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളേജിനോടും ജില്ലയിലെ പ്രമുഖ ആശുപത്രികളോടും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തിരുവമ്പാടി വിഭാഗം സാമ്പിൾ പുരയിലാണ് സംഭവമെന്നാണ് വിവരം.

