പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material Strong Room, Decision to open strong room at Victoria College has been changed)
തുറക്കാൻ തീരുമാനിച്ചത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച ‘മെറ്റീരിയൽ സ്ട്രോങ്ങ് റൂം’ ആണെന്നും കളക്ടർ വ്യക്തമാക്കി. വെബ്‌സൈറ്റിൽ വോട്ട് സംബന്ധിച്ച കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഫോം 17A എടുക്കുന്നതിനാണ് റൂം തുറക്കാൻ തീരുമാനിച്ചത്. മെറ്റീരിയൽ സ്ട്രോങ്ങ് റൂം സീൽ ചെയ്ത ഒന്നല്ലെന്നും ഇവിഎം റൂമിനോട് ചേർന്ന് കിടക്കുന്ന ഒന്നായതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നും കളക്ടർ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം മാത്രമെ ഇനി തുടർനടപടികൾ ഉണ്ടാവുകയുള്ളൂ. സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ മാത്രമേ റൂം തുറക്കൂ എന്നും കളക്ടർ ഉറപ്പുനൽകി. സ്ട്രോങ്ങ് റൂം തുറക്കുന്ന കാര്യത്തിൽ കമ്മീഷന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ ആരോപിച്ചു. നേരത്തെ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂം അനുമതിയില്ലാതെ തുറന്നത് വലിയ വിവാദമായിരുന്നു.

